പിലാത്തറ: വൈവിധ്യമാര്‍ന്ന കലാ-വിനോദ പരിപാടികളുമായി പിലാത്തറ മഹോത്സവം 2026 സംഘടിപ്പിക്കുന്നു. ടൗണ്‍ ടീം പിലാത്തറയുടെ നേതൃത്വത്തില്‍ ഒന്‍പതു മുതല്‍ 20 വരെ പിലാത്തറ ബസ്സ്റ്റാന്‍ഡിന് സമീപം മാതമംഗലം റോഡിലെ ദര്മാൽ തറവാട് മൈതാനിയിലാണ് മഹോത്സവം നടക്കുന്നത്. എക്സിബിഷന്റെ ഉദ്ഘാടനം ഒന്‍പതിന് വൈകുന്നേരം നാലിന് മുന്‍ എംഎല്‍എ ടി.വി. രാജേഷ് നിര്‍വഹിക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ഫാമിലി ഗെയിംസ്, വിവിധ എന്റര്ടെയ്ൻമെന്റ് ആക്ടിവിറ്റികള്‍, എല്ലാ ദിവസവും വിവിധ സമ്മാന പദ്ധതികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സര പരിപാടികള്‍, പ്രാദേശിക ക്ലബുകളുടെ വിവിധ പരിപാടികള്‍ എന്നിവയോടെയാണ് മഹോത്സവമൊരുക്കുന്നത്.
കണ്ണൂര്‍ സീന്‍, തന്‍സീര്‍ കൂത്തുപറമ്പ്, ജംഷീര്‍ കൈനിക്കര, ഷിന്‍ഡോ ചാലക്കുടി തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സ്റ്റേജ് പരിപാടികള്‍ മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും. ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് രക്ഷിതാവിനോടൊപ്പം അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 60 ശതമാനം ഇളവ് ലഭിക്കും.
അവധി ദിനങ്ങളിൽ വൈകുന്നേരം നാല് മുതലും മറ്റ് ദിവസങ്ങളിൽ അഞ്ച് മുതലും തുടങ്ങുന്ന ഫെസ്റ്റ് രാത്രി 10 വരെ നീളും. പത്രസമ്മേളനത്തിൽ പി.റിജു, എം. ലെജിലേഷ്, ശരത് ചന്ദ്രൻ, ടി. ജിത്തു രാജ്, എം.വി. ബിനീഷ് എന്നിവർ പങ്കെടുത്തു.